നന്മയിലേക്കുള്ള നിയോഗം
ലോകത്തെ നന്മയിലേക്ക് ക്ഷണിക്കാനും സംസ്‌കരിച്ചെടുക്കാനും വേണ്ടിയാണ് മുഹമ്മദ്(സ്വ) നിയോഗിതനായിട്ടുള്ളത്. ഈ ദൗത്യനിർവഹണത്തിന് റസൂൽ(സ്വ)യുടെ അവലംബം വിശുദ്ധ ഖുർആനായിരുന്നു. ഖുർആനോതി ജനങ്ങളെ നന്മയിലേക്ക് നയിക്കുന്ന ഒരു ദൂതനെ നിയോഗിക്കണമെന്ന് കാലങ്ങൾക്കു മുമ്പേ ഇബ്‌റാഹീം നബി(അ) അല്ലാഹുവിനോട് ദുആ ചെയ്തിരുന്നു. കഅ്ബയുടെ നിർമാണം പൂർത്തിയായതിനു ശേഷം മഹാൻ പ്രാർത്ഥിച്ചു: അല്ലാഹുവേ, ഞങ്ങളുടെ സന്താനങ്ങളിൽ നിന്ന് നിനക്ക് വഴിപ്പെടുന്ന ഒരു ജനവിഭാഗത്തെ നീ സൃഷ്ടിക്കേണമേ. നിന്റെ വചനങ്ങൾ ഓതിക്കൊടുക്കുകയും ദിവ്യ, തത്ത്വജ്ഞാനങ്ങൾ പഠിപ്പിക്കുകയും അവരെ സംസ്‌കരിച്ചെടുക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരിൽ നിന്നുതന്നെ നീ അയക്കേണമേ (സൂറത്തുൽ ബഖറ 129).
അറിവ് മാത്രമല്ല, പരിവർത്തനം
അറിവുകൾ കൈമാറ്റം ചെയ്യുന്ന കേവല അധ്യാപകൻ എന്നതല്ല, മറിച്ച് ദൈവിക വചനങ്ങൾ ഉരുവിട്ടുകൊണ്ട് സമൂഹത്തിൽ പരിവർത്തനം സൃഷ്ടിക്കുക എന്നതാണ് റസൂലിനെ അയക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഖുർആൻ 23 വർഷംകൊണ്ട് അൽപാൽപം സന്ദർഭോചിതമായാണ് ഇറങ്ങിയത്. സദാചാരത്തിന്റെ സർവ സീമകളും ഭേദിച്ച ഒരു സമൂഹത്തെയായിരുന്നു നബി(സ്വ)ക്ക് പ്രബോധനത്തിനായി ലഭിച്ചിരുന്നത്. മദ്യപാനം, വർഗീയത, വ്യഭിചാരം, അനാഥകളുടെ സ്വത്ത് അപഹരിക്കൽ, സ്ത്രീകൾക്കും കുട്ടികൾക്കും അനന്തരാവകാശം നൽകാതിരിക്കൽ തുടങ്ങിയ ദുർമാർഗങ്ങളിൽ നിന്ന് ഖുർആനിലൂടെ അവരെ സംസ്‌കരിച്ചെടുത്തു. മക്കയിൽ 13 വർഷം ദൈവവിശ്വാസം സ്ഥാപിക്കാനായിരുന്നു കൂടുതൽ ശ്രദ്ധ; മദീനയിലെത്തിയപ്പോഴാണ് കർമപരമായ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങിയത്.
സാമൂഹിക നന്മയുടെ ആഹ്വാനങ്ങൾ
ഖുർആനിലൂടെ നന്മയും തിന്മയും നബി(സ്വ) സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു: മാതാപിതാക്കൾക്കും കുടുംബക്കാർക്കും അനാഥകൾക്കും ദരിദ്രർക്കും നന്മ ചെയ്യുക (2: 83), ഭാര്യമാരോട് നല്ല രീതിയിൽ പെരുമാറുക (4: 19), സമീപസ്ഥരും വിദൂരസ്ഥരുമായ അയൽക്കാരോട് നല്ല രീതിയിൽ വർത്തിക്കുക (4: 36), അനാഥകളുടെ നന്മക്കുവേണ്ടി പ്രവർത്തിക്കുക (2: 220), സത്യവിശ്വാസികൾ സ്‌നേഹിതന്മാരാണ് — സ്‌നേഹിതർക്കിടയിൽ രമ്യത ഉണ്ടാക്കുക (49: 10), സ്ത്രീകൾക്ക് ബാധ്യതകളുള്ളതുപോലെ തന്നെ അവകാശങ്ങളുമുണ്ട് (2: 228), വാഗ്ദാനങ്ങൾ പൂർത്തീകരിക്കുക, വിനയാന്വിതരാവുക. വ്യക്തമായ തിന്മകളിലും അശ്ലീലതയിലും കഴിഞ്ഞിരുന്ന അവരെ ഉന്നതമായ വിതാനത്തിലേക്ക് റസൂൽ(സ്വ) കൈ പിടിച്ചുയർത്തി.
സംസ്‌കരണ പ്രക്രിയയുടെ മർമം
ഈയൊരു പരിവർത്തനത്തിന് പിന്നിലെ ചാലകശക്തി ആശയാദർശത്തിന്റെ ബലമോ ദൈവിക വചനങ്ങളുടെ സാഹിതീയതയോ മാത്രമായിരുന്നില്ല. മറിച്ച്, തിരുനബി(സ്വ)യുടെ വ്യക്തിത്വ മാഹാത്മ്യം കൂടിയായിരുന്നു. "നബിയേ, അങ്ങെങ്ങാനും പരുഷ സ്വഭാവക്കാരനായിരുന്നുവെങ്കിൽ അവർ അങ്ങയുടെ ചുറ്റു നിന്നും ഓടിപ്പോകുമായിരുന്നു…" എന്ന ആയത്തിലൂടെ ഖുർആൻ തന്നെ നമ്മോടത് പറയുന്നുണ്ട്. കേവലാശയങ്ങൾ മാത്രമല്ല, വ്യക്തിയുടെ ഗുണങ്ങൾ കൂടി സ്വഭാവസംസ്‌കരണ പ്രക്രിയയുടെ മർമമാണ്. പ്രബോധന വേളയിൽ ചർച്ച ചെയ്തു തീരുമാനിക്കുക, ആർദ്രമായ രീതിയിൽ സംസാരിക്കുക തുടങ്ങിയ നിർദേശങ്ങൾ ഖുർആൻ നൽകിയിട്ടുണ്ട്.
സംസ്‌കരണത്തിന്റെ രീതിശാസ്ത്രം
യുക്തിഭദ്രമായ ആശയങ്ങളും ഹൃദയഹാരിയായ ഭാഷയുമാണ് ഖുർആൻ സ്വീകരിച്ചിട്ടുള്ളത്. മൂല്യങ്ങളെ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ വ്യക്തിമാതൃകകൾ അത്യാവശ്യമാണ്. പരിവർത്തനത്തിന് യുക്തിപരവും വൈകാരികവുമായ രീതികളെ ഖുർആൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മദ്യനിരോധനം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കിയത് സമൂഹത്തെ മനസ്സിലാക്കിയുള്ള സംസ്‌കരണത്തിന്റെ വലിയ ഉദാഹരണമാണ്. 1920ൽ അമേരിക്കയിലെ മദ്യനിരോധനം പരാജയപ്പെട്ടത് സമൂഹത്തെ പരിഗണിക്കാതെയുള്ള നിയമനിർമാണം കാരണമാണ്. പ്രതിസന്ധികൾ തരണം ചെയ്യാൻ ക്ഷമയും നിസ്‌കാരവും കൊണ്ട് സഹായം തേടുക എന്ന നിർദേശവും പ്രവാചകർ പ്രവർത്തിപഥത്തിൽ കാണിച്ചുതന്നു. കേവല പ്രബോധകൻ എന്നതിലുപരി ജനങ്ങളെ എല്ലാ കാലത്തും തിന്മയിൽ നിന്ന് നന്മയിലേക്ക് നയിക്കാനുള്ള വഴികാട്ടികളെ സൃഷ്ടിക്കുക കൂടിയാണ് റസൂൽ(സ്വ) ചെയ്തത്.
