'മുത്ത്നബി' മലയാളിയുടെ പ്രണയസ്മാരകം

'മുത്ത്നബി' മലയാളിയുടെ പ്രണയസ്മാരകം

മലയാളിയുടെ പ്രണയസ്മാരകം

തിരുനബി വർണ്ണനകളെ പോലെ തന്നെ ഹൃദയഹാരിയാണ് തിരുവിളികളുടെ മൊഞ്ച്. മലയാളികളുടെ മനോമുകുരത്തിൽ ഉമ്മ ഉപ്പ എന്നതുപ്പോലെ തറച്ചു പോയ സ്നേഹാഭിവാദ്യങ്ങളിൽ ഒന്നാണ് മുത്തുനബി. നബി മുത്ത് ഉള്ളോട് ചേർത്ത് മലയാളി കോർത്ത പ്രേമോപഹാരങ്ങളുടെ മത്തു മാലയങ്ങനെ നീളുന്നു. മലയാളി റസൂലിനെ വിളിച്ചത് 'മുത്ത്നബി' എന്നാണ്. ഒരു പേരിനൊപ്പം നവരത്നങ്ങളിൽ പെട്ട മുത്ത് എന്ന് ചേരുന്നത്, ആ പേര് വിളിക്കുന്നയാൾക്ക് അത്രമേൽ പ്രിയപ്പെട്ടതാകുമ്പോഴാണല്ലോ. അങ്ങനെയെങ്കിൽ മുത്ത്നബി എന്ന വിളിയിൽ നിന്ന് തന്നെ മലയാളി നബിയെ പ്രണയിച്ചു തുടങ്ങുകയാണ് എന്നല്ലേ. ആരായിരിക്കും മുത്ത്നബി എന്ന് വിളിച്ച ആദ്യത്തെ മലയാളി... ആരായാലും അതിലൂടെ ശ്രേഷ്ടമാക്കപ്പെടുന്നത് മലയാളം എന്ന ഭാഷയാണ്. കാരണം, അറബിയടക്കമുള്ള മറ്റൊരു ഭാഷയിലും മുത്ത് എന്നർത്ഥം വരുന്ന പദങ്ങളുപയോഗിച്ചുള്ള പ്രവാചകാഭിധേയമില്ലെന്ന് കാണാം.

നൂറുന്നബിയും മുത്തും

എങ്ങനെ ആ വിളി വന്നു എന്നൊരു ചോദ്യമുണ്ട്. അതിനുത്തരം തേടിയിറങ്ങിയാൽ പ്രഥമ പ്രപഞ്ചസൃഷ്ടിപ്പിന്റെ ഉള്ളടക്കങ്ങളിലേക്ക് പോകേണ്ടി വരും. മുത്ത്നബിയുടെ ആത്മാവിന്റെ പ്രാഗ് രൂപമായ പ്രകാശമാണല്ലോ പടച്ചവനന്റെ പ്രഥമ സൃഷ്ടിപ്പ്. നബിപ്രകാശത്തിന്റെ (നൂറുന്നബി) പര്യായപദമായി മുത്ത് എന്ന് ഖുർആൻ വ്യാഖ്യാനങ്ങളിലും സീറകളിലും വന്നിട്ടുണ്ട്. ആത്മാവ് എന്നർത്ഥം വരുന്ന 'റൂഹ്' എന്ന പദത്തിന്റെയും പര്യായമായി മുത്ത് വന്നിട്ടുണ്ട്. 'അല്ലാഹു ആദ്യം പടച്ചത് എന്റെ പ്രകാശമാണ്/എന്റെ ആത്മാവാണ്/ഒരു മുത്തിനെയാണ്' എന്നെല്ലാം ഹദീസുകളിൽ വന്നിട്ടുണ്ട്. റൂഹുൽ ബയാനിൽ അല്ലാമാ ഇസ്മാഈൽ ഹഖി വിശദീകരിക്കുന്നതിങ്ങനെയാണ്: 'ഒറ്റ മുത്ത്, അമൂല്യരത്നം തുടങ്ങിയ വിശേഷണങ്ങളുള്ള നബിപ്രഭയെയാണ് അല്ലാഹു ആദ്യമായി സൃഷ്ടിച്ചത്'.

ശജറതുൽ യഖീനും വെളുത്ത മുത്തും

'നൂറുന്നബി'യെ അല്ലാഹു സൂക്ഷിച്ചു വെച്ചത് ഒരു മുത്തിനകത്തായിരുന്നുവെന്ന വിശദീകരണവും ചില സീറഗ്രന്ഥങ്ങളിലുണ്ട്. അബുൽ ഹസൻ അൽ അശ്അരിയുടെ ശജറതുൽ യഖീൻ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ കാണാം: 'അല്ലാഹു ആദം നബിയെ സൃഷ്ടിക്കുന്നതിനു മുമ്പ് പ്രകാശത്താലുള്ള ഒരു മരം സൃഷ്ടിച്ചു. പേര് ശജറതുൽ യഖീൻ. ശേഷം മയിലിന്റെ രൂപത്തിൽ വെളുത്ത മുത്തിനാലുള്ള ഒരു മറക്കകത്ത് നബിപ്രഭയും പടച്ചുവെച്ചു. തുടർന്ന് അതിനെ യഖീൻ മരത്തിൽ പ്രതിഷ്ഠിച്ചു, എഴുപതിനായിരം വർഷം ആ പ്രഭ അല്ലാഹുവിനെ വാഴ്ത്തി'. പ്രപഞ്ചസൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഈ വിവരണം വീണ്ടും നീണ്ടുപോകുന്നുണ്ട്. ആത്മജ്ഞാന ദർശനങ്ങളിൽ ഗുപ്താർത്ഥങ്ങളുള്ള പ്രയോഗങ്ങളാണ് ഇവയിലെ ത്വഊസ് (മയിൽ), ശജറതുൽ യഖീൻ, ദൂറതുൻ ബൈളാഅ് (വെളുത്ത മുത്ത്) എന്നിവ. പ്രവാചക നൈർമല്യത്തെ സൂചിപ്പിക്കുന്നതാണ് ഉപരിസൂചിത ഉദ്ധരണിയിലെ വെളുത്ത മുത്ത് എന്ന് പറഞ്ഞ പണ്ഡിതന്മാരും ഉണ്ട്. ഖസ്വീദതുൽ ഉമരിയ്യയിൽ ഉമർ ഖാളി ഇക്കാര്യം പറയുന്നു: 'ലില്ലാഹി സബ്ബഹ ഹാദിസൻ വ ഖദീമാ, ത്വാഊസു ഹള്റതി ഖുദ്സിഹി മക്തൂമാ'.

അറബിമലയാള നബികീർത്തനങ്ങൾ

മുത്ത്നബി എന്ന വിളിയുടെ അറുത്തുമാറ്റാനാവാത്ത ജനകീയതക്ക് പിന്നിൽ അറബിമലയാളത്തിലെഴുതപ്പെട്ട നബികീർത്തനങ്ങൾ വലിയ ചാലകമായിട്ടുണ്ട്. നൂറുന്നബിയെക്കുറിച്ചുള്ള ഉപരിസൂചിത വിവരണങ്ങൾ, നബിചരിത്രം പ്രമേയമാകുന്ന അറബിമലയാളത്തിലെ ഒട്ടുമിക്ക രചനകളിലും വന്നിട്ടുണ്ട്. കുഞ്ഞായീൻ മുസ്ലിയാരുടെ നൂൽമദ്ഹ് ഇക്കാര്യങ്ങളിലേക്ക് വലിയ വെളിച്ചം തരുന്നുണ്ട്. നവരത്നങ്ങളുമായി നബിയെ ഉപമിക്കുന്ന ഈരടികൾ ഇതിലൊരുപാടുണ്ട്. മാമണിമുത്ത്, ആരമണിമുത്ത് തുടങ്ങിയ വിവിധ പ്രയോഗങ്ങളും നൂൽമദ്ഹിൽ നബിയെക്കുറിച്ചുണ്ട്. ഏഴാം ഇശലിലെ 'അണിമുത്ത് നല്ലെ നവമുത്ത് ഇളത്തെ' എന്ന വരിക്ക് 'നവരത്നങ്ങളാൽ കോർക്കപ്പെട്ട മാലയാണ് നബി' എന്നാണർത്ഥം. മുത്ത് ഉൾ വഹിക്കുന്ന ഭാവനാക്ഷമതയും സൗന്ദര്യവും നൂൽമദ്ഹിൽ ഉപയോഗിച്ചത് പോലെ മറ്റൊരു അറബിമലയാളം കാവ്യത്തിലും പിന്നീട് പ്രയോഗിക്കപ്പെട്ടിട്ടില്ല.

വൈദ്യരും മുത്ത് പ്രയോഗങ്ങളും

മോയിൻ കുട്ടി വൈദ്യരുടെ ബദ്ർ ഖിസ്സപ്പാട്ടിൽ നൂറുന്നബിയെക്കുറിച്ച് ഇങ്ങനെ പാടുന്നത് കാണാം: 'പെരിഫം പടഫെല്ലാം ഒരു മുത്താലെ, പെരിയോൻ അമയ്ത്ത് തൻ ഖുദ്റത്താലെ'. ഒരു മുത്തിനകത്താണ് അല്ലാഹു മുഹമ്മദ് നബിയുടെ പ്രകാശത്തെ സൃഷ്ടിച്ചുവെച്ചതെന്നും മറ്റു സൃഷ്ടിപ്പുകൾക്കെല്ലാം കാരണമായത് ആ മുത്തായിരുന്നുവെന്നുമാണ് വൈദ്യർ പറയുന്നത്. ഇതേ ആശയം മൂലപ്പുരാണത്തിലും വൈദ്യർ പങ്കുവെക്കുന്നുണ്ട്. നൂർ/റൂഹ് എന്നതിന്റെ പര്യായപദമായിട്ടാണ് വൈദ്യർ മുത്ത് എന്നുപയോഗിച്ചിരിക്കുന്നത്. എന്നാൽ നൂൽമദ്ഹിൽ, നൂർ സൂക്ഷിക്കപ്പെട്ടത് മുത്തിനകത്തായിരുന്നുവെന്നുമാണ്. രണ്ടും ശരിയാണ്. മുത്ത് വിശേഷണങ്ങളാൽ നബിപ്രണയം വിരിഞ്ഞുനിൽക്കുന്ന എണ്ണമറ്റ വരികൾ വൈദ്യരുടേതടക്കം പിന്നീട് പിറവിയെടുത്തു. ഉമർ ഖാളിയുടെ ഖസ്വീദതുൽ ഉമരിയ്യയിലും ചേറ്റവായ് പരീക്കുട്ടിയുടെ സൗഭാഗ്യസുന്ദരമാലയിലും മുത്ത് എന്ന പ്രയോഗം കാണാം. സൂഫി കവിയായിരുന്ന ഇച്ചമസ്താന്റെ വിരുത്തങ്ങളിലും മുത്ത് മനോഹരമായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.

മുത്ത്മാണിക്യവും മുത്ത് രത്നവും

മുത്ത് എന്ന പദത്തെ പലരൂപത്തിൽ മലയാള കവികൾ പിന്നീട് വികസിപ്പിക്കുകയും പരാവർത്തനം നടത്തുകയും ചെയ്യുകയുണ്ടായി. 'മുത്തൊളി' എന്നാണ് ഇച്ച മസ്താൻ പ്രയോഗിച്ചത്. കെ.വി അബൂബക്കർ മാസ്റ്റർ സാരസമുത്ത് എന്ന പ്രയോഗം നടത്തി. മുത്താറ്റൽ, മുത്ത്റസൂൽ, മുത്ത്മുസ്ത്വഫാ തുടങ്ങിയ നിരവധി പ്രയോഗങ്ങൾ പിന്നീട് വന്നു. പക്ഷേ, ഇവയില്‍ നിന്നെല്ലാം വേറിട്ട് നിൽക്കുന്നതും പ്രസ്താവ്യമായതുമായ രണ്ട് പ്രയോഗങ്ങളാണ് കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ എന്ന കുണ്ടൂർ ഉസ്താദിന്റെ മുത്ത്മാണിക്യം, ശ്രീ.നാരായണ ഗുരുവിന്റെ മുത്ത് രത്നം എന്നിവ. കുണ്ടൂർ ഉസ്താദിന്റെ അറബികവിതയിൽ മുത്ത്മാണിക്യം എന്ന വാക്യം മാത്രമാണ് മലയാളത്തിൽ പ്രയോഗിച്ചിരിക്കുന്നത്. മലയാളത്തിൽ നബിയെ ആദ്യമായി മുത്ത് രത്നം എന്ന് വിശേഷിപ്പിച്ചത് ശ്രീനാരായണ ഗുരുവാണ്. 'കരുണാവാൻ നബി മുത്ത് രത്നമോ' എന്ന അനുകമ്പാദശകത്തിലെ വരി, മുഹമ്മദ് നബിയെ നെഞ്ചോടുചേർത്തു പിടിക്കുന്ന ഗുരുവിന്റെ സ്നേഹപ്രകടനമാണ്.